കേളകം (കണ്ണൂർ): ഭൂമിയിൽ വിള്ളൽ ഉണ്ടായതോടെ കൈലാസംപടിയിൽ ഭീതിയിൽ കഴിയുന്നവർക്ക് എന്ത് സഹായം ചെയ്തു എന്ന് വ്യക്തമാക്കാൻ കഴിയാത്ത കേളകം പഞ്ചായത്ത് ഭരണത്തിൻ്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ ഇന്ന് അടയ്ക്കാത്തോട്ടിൽ സായാഹ്ന ധർണ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. വൈകിട്ട് 4 മണിക്ക് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ഭീഷണിയിലായ 35ൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ ശുപാർശ ചെയ്തിരുന്നു. എന്നാൽ സി പി എം ഭരിക്കുന്ന പഞ്ചായത്ത് ഇക്കാര്യത്തിൽ വലിയ ഭൗമ ശാസ്ത്രജ്ഞൻമാരായി ചമയാൻ ശ്രമിക്കുകയും 15 പേരുടെ ലിസ്റ്റ് തയാറാക്കുകയും ആണ് ചെയ്തത്. എന്നാൽ ഈ വർഷവും വിള്ളൽ രൂപപ്പെടുകയും മുൻപ് എം എൽ എ നിർദ്ദേശിച്ചതിലും കൂടുതൽ കുടുംബങ്ങൾ പ്രകൃതിദുരന്തഭീഷണിയുടെ നിഴലിൽ ആകുകയുമാണ് ഉണ്ടായത്. ഒരാഴ്ച മുൻപ് പാലുകാച്ചി ഇക്കോ ടൂറിസം പ്രദേശത്തോട് ചേർന്ന് പാറക്കെട്ടുകൾക്ക് ഇളക്കം തട്ടുകയും അവ ഉരുണ്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സാധ്യത നിലനിൽക്കുകയുമാണ്. ആവശ്യക്കാരന് സഹായമെത്തിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യാനാണ് പഞ്ചായത്തിനെയും സർക്കാരിനെയും ജനം തിരഞ്ഞെടുത്തു വിടുന്നത്. എന്നാൽ ജനത്തിൻ്റെ താൽപര്യങ്ങളെ അവഗണിക്കുകയും മഹാഭൂരിപക്ഷം വരുന്ന ജനത്തിന് യാതൊരു പ്രത്യേക ഗുണവും ഇല്ലാത്തതും നാടിന് ഉപകാരപ്പെടാത്തതുമായ കുറേ പദ്ധതികൾ വേദികളിൽ പറഞ്ഞു നടക്കുന്നതാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തിൻ്റെ ' പ്രധാന പണി. കാട്ടാനാകളും വന്യജീവികളും വിലസിയിട്ടും അവയെ ഫലപ്രദമായി തടയാനോ ആന മതിൽ നിർമിക്കാനോ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത ഭരണ നേതൃത്വം ഇപ്പോൾ ഒഴിഞ്ഞു മാറാൻ വഴി തേടുന്ന തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരരംഗത്തേക്ക് കടന്നു വരുന്നത്.
The earth is torn apart